നിഫ്റ്റിൽ ഡിസൈൻ പഠനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) യിൽ വിവിധ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകളുടെ 2025-26ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) ,ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (B.F.Tech) പ്രോഗ്രാമുകളുടെ ലാറ്ററല്‍ എൻട്രി പ്രവേശനത്തിനും ഇപ്പോൾ അപേക്ഷിക്കാം.

ഫെബ്രുവരി ഒൻപതിനാണ് പ്രവേശന പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (NTA) ഇത്തവണ പരീക്ഷാ ചുമതല. കണ്ണൂരിലടക്കം 19 ക്യാമ്പസുകളിലേക്കാണ് പ്രവേശനം. പ്രോഗ്രാമുകളുടെ ഫീസ് അൽപം കൂടുതലാണെങ്കിലും അർഹതപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കാറുണ്ട്.

കാമ്പസുകൾ: ബെംഗളൂരു, ഭോപാൽ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, കണ്ണൂർ,കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി, പട്ന, പഞ്ച്കുല, ദാമൻ, റായ്ബറേലി, ഷില്ലോംഗ്, കംഗ്റ, ജോധ്പൂർ, ഭുവനേശ്വർ, ശ്രീനഗർ, വാരാണസി എന്നിവ.

ബിരുദ പ്രോഗ്രാമുകൾ:

  1. ബി.ഡിസ്: ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഫാഷൻ ഇന്റീരിയേഴ്സ് എന്നീ മേഖലകളിൽ നാലുവർഷ പ്രോഗ്രാമുകൾ. പ്ലസ് ടു ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാം. 3/4 വർഷ ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 2025 ആഗസ്റ്റ് ഒന്നിന് 24 വയസ്സിൽ കൂടരുത്.
  2. ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ): നാലുവർഷ ബിരുദ പ്രോഗ്രാം. പ്ലസ് ടുവിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. 3/4 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയായാലും മതി. 2025 ആഗസ്റ്റ് ഒന്നിന് 24 വയസ്സിൽ കൂടരുത്.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ:

  1. എം.ഡിസ് (മാസ്റ്റർ ഓഫ് ഡിസൈൻ): രണ്ടുവർഷ പ്രോഗ്രാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ NID/ NIFTയിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമയോ ആണ് യോഗ്യത. പ്രായ പരിധിയില്ല.
  2. എം.എഫ്.എം (മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ്): രണ്ടു വർഷ പ്രോഗ്രാം. അംഗീകൃത സർവകശാലയിൽ നിന്നുള്ള ബിരുദമോ, NID/ NIFTയിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായ പരിധിയില്ല.
  3. എം.എഫ്.ടെക് (മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി): രണ്ടു വർഷ പ്രോഗ്രാം. എൻ.ഐ.എഫ്.ടി/ അംഗീകൃത സ്ഥാപനങ്ങളിലെ നാല് വർഷ ബി.എഫ്.ടെക് / ഏതെങ്കിലും സ്ട്രീമിലുള്ള ബി.ടെക് നേടിയിരിക്കണം. പ്രായ പരിധിയില്ല.

പിഎച്ച്.ഡി:ഫുൾ ടൈം, പാർട്ട് ടൈം പ്രോഗ്രാമുകളുണ്ട്. പ്രായ പരിധിയില്ല. വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.

കണ്ണൂർ കാമ്പസ്: ബി.ഡിസ് (ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയർ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ), ബി.എഫ്.ടെക് (അപ്പാരൽ പ്രൊഡക്ഷൻ) എന്നീ ബിരുദ പ്രോഗ്രാമുകളും, എം.ഡിസ്, എം.എഫ്.എം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും നിഫ്റ്റ് കണ്ണൂർ കാമ്പസിൽ പഠിക്കാം. ഓരോ പ്രോഗ്രാമിലും 34 സീറ്റുകൾ വീതം. കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ഓരോ പ്രോഗ്രാമിലും ഏഴ് സീറ്റുകൾ (ഡൊമിസൈൽ സീറ്റുകൾ) വീതം അധികമായുണ്ട്. മൂന്ന് സീറ്റുകൾ വീതം എൻ.ആർ.ഐ കാറ്റഗറിയിലുമുണ്ട്.

പരീക്ഷ: ബി.ഡിസ് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ), ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (പെൻ & പേപ്പർ അധിഷ്ഠിത പരീക്ഷ) എന്നിവയിൽ യോഗ്യത നേടിയ ശേഷം സിറ്റുവേഷൻ ടെസ്റ്റ് കൂടെ വിജയിക്കണം. ബി.എഫ്.ടെക് പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രമേയുള്ളൂ. എം.ഡിസ് പ്രോഗ്രാമിന് ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്

എന്നിവയോടൊപ്പം പേഴ്സണൽ ഇന്റർവ്യൂയുമുണ്ടാകും.

എം.എഫ്.ടെക്, എം.എഫ്.എം പ്രോഗ്രാം പ്രവേശനത്തിന് ജനറൽ എബിലിറ്റി ടെസ്റ്റ്, പേഴ്സണൽ ഇൻറർവ്യൂ എന്നിവയാണുള്ളത്. പിഎച്ച്.ഡി പ്രവേശനത്തിന് എഴുത്ത് പരീക്ഷയും റിസർച്ച് പ്രെപോസൽ പ്രസന്റേഷഷനും ഇൻറർവ്യൂയുമുണ്ടാകും. മാതൃകാ ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ ഉൾപ്പെടെ 82 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 6

ജനുവരി ആറിനകം www.exams.nta.ac.in/NIFT വഴി അപേക്ഷിക്കണം. പിഎച്ച്.ഡി പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ സമയമുണ്ട്.യോഗ്യതാ പ്രോഗ്രാമിന്റെ അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

3000 രൂപയാണ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപ മതി. ബി.ഡിസ്, ബി.എഫ്.ടെക് / എം.എഫ്.എം, എം.ഡിസ് എന്നിവക്ക് ഒരുമിച്ച് അപേക്ഷിക്കുന്നവർ 4500 രൂപ അടക്കണം (പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 2250 രൂപ). 5000 രൂപ ലേറ്റ് ഫീയോടെ ജനുവരി 9 വരെയും അപേക്ഷ സമർപ്പിക്കാം. ജനുവരി 10 നും 12 നുമിടയിൽ അപേക്ഷയിൽ തിരുത്തൽ വരുത്താം.

വെബ്സൈറ്റ് : exams.nta.ac.in, www.nift.ac.in

CATEGORIES

Career Portal

No responses yet

Leave a Reply

Your email address will not be published. Required fields are marked *