ഏറെ തൊഴിൽ സാധ്യതകളുള്ള സവിശേഷ കരിയർ മേഖലയായ ഡിസൈൻ പഠനത്തിന് നിരവധി സ്ഥാപനങ്ങളിൽ അവസരമുണ്ട്. വിവിധ ഐ.ഐ.ടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിൽ ഡിസൈൻ പഠനങ്ങൾക്ക് അവസരം നൽകുന്ന യൂസീഡ് (UCEED), സീഡ് (CEED) എന്നിവക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ നവംബർ എട്ട് വരെയും അപേക്ഷകൾ നൽകാം. ജനുവരി 19 ന് പരീക്ഷകൾ നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
യൂസീഡ് ( UCEED – അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ)
വഴി ബിരുദ പ്രോഗ്രാമുകൾക്കും സീഡ് (CEED- കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) വഴി ബിരുദാനന്തര ബിരുദ, ഗവേഷണ തല പ്രോഗ്രാമുകൾക്കുമാണ് പ്രവേശനം ലഭിക്കുക. ബോംബെ ഐ.ഐ.ടിക്കാണ് പരീക്ഷകളുടെ ചുമതല.
യൂസീഡ് (UCEED)
ബോംബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, റൂർക്കി ഐ.ഐ.ടികൾ, ജബല്‍പൂരിലെ ഐ.ഐ.ഐ.ടി.ഡി.എം (ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) എന്നീ സ്ഥാപനങ്ങളിലെ നാല് വർഷ ബാച്ചിലര്‍ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണിത്. ബോംബെ ഐ.ഐ.ടിയിൽ ബി.ഡിസ് പഠനത്തിന്റെ മൂന്നാം വർഷം പൂർത്തിയാക്കി, അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി ബി.ഡിസ് + എം.ഡിസ് പ്രോഗ്രാമിലേക്ക് മാറാനും അവസരമുണ്ട്. ഏതെങ്കിലും വിഷയങ്ങളെടുത്ത് 2024 ൽ പ്ലസ്ടു / മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ വിജയിച്ചവർക്കും 2025 ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എന്നാൽ ഗുവാഹത്തി, റൂർക്കി ഐ.ഐ.ടികളിലെ പ്രവേശനത്തിന് പ്ലസ് ടുവിൽ ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ് വിഷയങ്ങളും ഐ.ഐ.ഐ.ടി.ഡി.എം ജബൽപൂരിൽ ഫിസിക്സ്, കെമിസ്ടി വിഷയങ്ങളോടൊപ്പം മാത്തമാറ്റിക്സ് /ബയോളജിയും പഠിച്ചിരിക്കണം.
2000 ഒക്ടോബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷം വരെ ഇളവുണ്ട്. അപേക്ഷാഫീസ് 4000 രൂപ .പെൺകുട്ടികൾ, ഭിന്നശേഷി, പിന്നോക്ക വിഭാഗക്കാർക്ക് 2000 രൂപ മതി. തുടർച്ചയായി പരമാവധി രണ്ട് തവണ വരെ പരീക്ഷയെഴുതാം. ഒരു വർഷമാണ് സ്കോറിൻ്റെ വാലിഡിറ്റി.
ഐ.ഐ.ടി ഡൽഹിയിലെ ബി.ടെക് ഇൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കാണ് പരിഗണിക്കുന്നതെങ്കിലും യൂസിഡ് പരീക്ഷയിലും യോഗ്യത നേടേണ്ടതുണ്ട്.
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സി.ഇ.പി.ടി യൂണിവേഴ്സിറ്റി അഹമ്മദാബാദ്, യു.പി.ഇ.എസ് ഡെറാഡൂൺ , ഫൂട്ട് വെയര്‍ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, ലവ് ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, വി.ഐ.ടി സ്കൂൾ ഓഫ് ഡിസൈൻ, മണിപ്പാൽ അക്കാദമി, കേരള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈൻ കൊല്ലം തുടങ്ങിയ സ്ഥാപനങ്ങളും യൂസീഡ് സ്കോർ വഴി വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകാറുണ്ട്.
പരീക്ഷ: മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് രണ്ടു ഭാഗങ്ങളുണ്ട്. പാർട്ട് A യിൽ 200 മാർക്കിൻ്റെ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടാകും. കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയാണിത്. പാർട്ട് B യിൽ ചിത്രരചനാ പാടവം, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് എന്നിവ പരിശോധിക്കുന്ന 100 മാർക്കിൻ്റെ പരീക്ഷയും. ആകെ 300 മാർക്ക്. മാർച്ച് ഏഴിന് ഫലമറിയാം. റാങ്കനുസരിച്ച് യോജിച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ, പ്രത്യേകം അപേക്ഷ നൽകി അലോട്ട്മെൻ്റ് പ്രക്രിയയിൽ പങ്കെടുക്കണം. വെബ്സൈറ്റ്: www.uceed.iitb.ac.in
സീഡ് (CEED)
ബോംബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജോദ്പൂർ, കാൺപൂർ, റൂർഖി ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി ബെംഗളൂരു, ഐ.ഐ.ഐ.ടി.ഡി.എം ജബൽപൂർ, ഐ.ഐ.ഐ.ടി.ഡി.എം കാഞ്ചിപുരം എന്നിവിടങ്ങളിലെ മാസ്റ്റർ ഓഫ് ഡിസൈൻ (എം. ഡിസ്) പ്രോഗ്രാമുകൾ, വിവിധ സ്ഥാപനങ്ങളിലെ പി.എച്ച്.ഡി (ഡിസൈൻ) പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശന പരീക്ഷയാണിത്. വിവിധ സ്ഥാപനങ്ങളിലായി ഡിസൈൻ, പ്രോഡക്ട് ഡിസൈൻ & എൻജിനീയറിങ്, ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്മ്യൂണിക്കേഷൻ ഡിസൈൻ, ആനിമേഷൻ, ഇൻ്ററാക്ഷൻ ഡിസൈൻ, മൊബിലിറ്റി & വെഹിക്കിൾ ഡിസൈൻ, വിഷ്വൽ ഡിസൈൻ, എക്സ്റ്റൻ്റഡ് റിയാലിറ്റി തുടങ്ങിയ സ്പെഷ്യലൈസേഷനുകളാണുള്ളത്.
പ്ലസ്ടുവിനു ശേഷം ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ദൈർഘ്യമുള്ള ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2025 ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും സീഡ് എഴുതാം.
പരീക്ഷ: മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷക്ക് രണ്ടു ഭാഗങ്ങളുണ്ട്. പാർട്ട് A യിൽ 150 മാർക്കിൻ്റെ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടാകും. പാർട്ട് B യിൽ ചിത്രരചനാ പാടവം, സർഗാത്മകത, രൂപകൽപ്പനക്കുള്ള അഭിരുചി തുടങ്ങിയവ പരിശോധിക്കുന്ന 100 മാർക്കിൻ്റെ ചോദ്യങ്ങളും. മാർച്ച് അഞ്ചിന് ഫലമറിയാം. സ്കോറിന് ഒരു വർഷമാണ് വാലിഡിറ്റി. പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.
അപേക്ഷ സമര്‍പ്പിക്കാന്‍ www.ceed.iitb.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
No responses yet