പ്ലസ്ടു വിദ്യാർത്ഥിനിയാണ്. സെൻട്രൽ യൂനിവേഴ്സിറ്റിയിൽ പഠിക്കാനാണാഗ്രഹം. സി.യു.ഇ.ടി യു.ജിയെ പരിചയപ്പെടുത്താമോ?
– ഹിബ കരുവാരക്കുണ്ട്
ഇന്ത്യയിലെ വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളടക്കം രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സി.യു. ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്). ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് സി.യു.ഇ.ടി യുജിയും ബിരുദാനന്തര പ്രോഗ്രാമുകൾക്ക് സി.യു.ഇ.ടി പിജിയുമാണ് എഴുതേണ്ടത്. എൻ.ടി.എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) യാണ് പരീക്ഷകൾ നടത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏറെ പ്രധാനപ്പെട്ട പരീക്ഷയാണ് സി.യു ഇ.ടി യുജി.
എന്ത് കൊണ്ട് സെൻട്രൽ യൂനിവേഴ്സിറ്റി ?
മികച്ച ഭൗതിക സാഹചര്യങ്ങൾ, സമർത്ഥരായ അധ്യാപകർ, വിശാലമായ കാമ്പസുകൾ, മികവുറ്റ ലൈബ്രറികൾ, മിതമായ ഫീസ്, ഉയർന്ന പ്ലേസ്മെൻറ് സാധ്യതകൾ, പുതിയ ജീവിതരീതികൾ പരിചയപ്പെടാനും ഉൾകൊള്ളാനുമുള്ള അവസരങ്ങൾ, വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളുമായുള്ള സൗഹൃദങ്ങൾ തുടങ്ങി സെൻട്രൽ യൂനിവേഴ്സിറ്റികൾക്ക് നിരവധി സവിശേഷതകളുണ്ട്.
വ്യത്യസ്തമായ പ്രോഗ്രാമുകൾ
രാജ്യത്തെ വിവിധ സെൻട്രൽ, സ്റ്റേറ്റ് , ഡീംഡ്, പ്രൈവറ്റ് യൂനിവേഴ്സിറ്റികളിലെ വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് പുറമേ ഇൻ്റഗ്രേറ്റഡ് പിജി, ഇൻ്റഗ്രേറ്റഡ് ബി.എഡ്, ഇൻറഗ്രേറ്റഡ് എം.ബി.എ , ബി.ടെക്, ബിഫാം, ഡിഫാം, എം.എൽ.ടി, ബി.വോക് തുടങ്ങി നിരവധി പ്രോഗ്രാമുകൾക്ക് സി.യു.ഇ.ടി വഴി പ്രവേശനം നേടാവുന്നതാണ്. അഗ്രികൾച്ചർ അനുബന്ധ കോഴ്സുകളുടെ 20 ശതമാനം ആൾ ഇന്ത്യാ ക്വാട്ടയുടെ പ്രവേശനവും സി.യു.ഇ. ടി യുജി വഴിയാണ് .കേരള കേന്ദ്ര സർവകലാശാലയിൽ ബി.എ ഇൻറർനാഷണൽ റിലേഷൻസ് എന്ന ബിരുദ പ്രോഗ്രാം മാത്രമേയുള്ളൂ.
സ്ഥാപനങ്ങൾ
ഡൽഹി, ഹൈദരാബാദ്, അലിഗഡ് മുസ്ലിം, ബനാറസ് ഹിന്ദു, ആന്ധ്ര പ്രദേശ്, സൗത്ത് ബീഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു, ജാർഖണ്ഡ്, കർണാടക, കാശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, മിസോറാം, നാഗാലാൻഡ്, ഡോക്ടർ ഹരി സിംഗ് ഗൗർ,
മൗലാനാ ആസാദ് നാഷണൽ ഉറുദു, ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റികളുൾപ്പടെ 46 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് സി.യു.ഇ.ടി വഴിയാണ് പ്രവേശനം. കൂടാതെ 41 സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും 30 ഡീംഡ് യൂണിവേഴ്സിറ്റികളും 160 പ്രൈവറ്റ് യൂണിവേഴ്സിറ്റികളും കഴിഞ്ഞ വർഷം സി.യു. ഇ.ടി വഴി പ്രവേശനം നൽകിയിട്ടുണ്ട്.
ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കളിനറി ഇൻസ്റ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ മാനേജ്മെൻ്റ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി
തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകൾക്ക് സി.യു.ഇ.ടി സ്കോർ പരിഗണിക്കാറുണ്ട്.
യോഗ്യത
പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും പരിഗണിക്കും. പ്രായപരിധിയില്ല. യോഗ്യതകൾ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.
പരീക്ഷ
ഹൈബ്രിഡ് മോഡിലാണ് പരീക്ഷ. അതായത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ക്ക് പുറമേ ഒ.എം.ആർ രീതിയിലുള്ള പെൻ & പേപ്പർ പരീക്ഷയും നടത്തും. കൂടുതൽ രജിസ്ട്രേഷനുള്ള വിഷയങ്ങളിലാണ് എഴുത്ത് പരീക്ഷ നടത്തുക. ചോദ്യങ്ങൾ ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. ഓരോ ചോദ്യത്തിനും 5 മാർക്ക്. തെറ്റുത്തരത്തിന് ഒരു മാർക്ക് നഷ്ടപ്പെടും. 13 ഭാഷകളിൽ ചോദ്യ പേപ്പർ ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും താൽപര്യമുള്ളവർക്ക് മലയാളത്തിലും പരീക്ഷ എഴുതാം .
ജനറൽ ടെസ്റ്റിന് പുറമേ 33 ഭാഷാ വിഷയങ്ങളിലും 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളിലും പരീക്ഷയുണ്ട്. പരമാവധി ആറ് പരീക്ഷകൾ വരെ എഴുതാം. വിദ്യാർത്ഥികൾ ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാമുകളുടെ പ്രവേശന രീതിക്ക് അനുയോജ്യമായ പരീക്ഷകൾ മാത്രം എഴുതിയാൽ മതി. exams.nta.ac.in/CUET-UG എന്ന വെബ്സൈറ്റിൽ സി.യു.ഇ.ടി വഴി പ്രവേശനം ലഭ്യമാകുന്ന സർവകലാശാലകളുടെ ലിസ്റ്റ് ലഭ്യമാണ്. ഓരോ സർവകലാശാലയുടെയും ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവിടുത്തെ പ്രോഗ്രാമുകൾ, ഓരോ പ്രോഗ്രാമിൻ്റെയും പ്രവേശനത്തിന് വേണ്ട യോഗ്യത, എഴുതേണ്ട പരീക്ഷകൾ എന്നിവ അറിയാൻ സാധിക്കും. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
No responses yet