നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് & കാറ്ററിങ് ടെക്നോളജി (NCHMCT) നടത്തുന്ന മൂന്ന് വർഷ Bsc Hospitality & Hotel Administration പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE 2025) വഴിയാണ് പ്രവേശനം. കേന്ദ്ര/ സംസ്ഥാന സർക്കാർ/ പൊതു മേഖല/ സ്വകാര്യ മേഖല സ്ഥാപനങ്ങളുൾപ്പടെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. ആകെ 12,635 സീറ്റുകൾ. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷ ഏപ്രിൽ 27ന് നടക്കും.
ഹോസ്പിറ്റാലിറ്റി മേഖലയിൽ സൂപ്പർവൈസർ തസ്തികയിലുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവശ്യമായ നൈപുണികളും അറിവുകളും പകർന്നു നൽകുന്ന വിധത്തിലാണ് കരിക്കുലം.
ഹോട്ടൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവുമുണ്ടാകും.ഒരു വർഷം കൂടെ പഠിച്ച് ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ട്. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്കാണ് യോഗ്യത. ഈ വർഷം യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശന സമയത്ത് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയാണ് ബിരുദം നൽകുന്നത്.
പരീക്ഷ: മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ന്യൂമെറിക്കൽ എബിലിറ്റി & അനലിറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിങ് & ലോജിക്കൽ ഡിഡക്ഷൻ (30), ജനറൽ നോളജ് & കറൻറ് അഫയേഴ്സ് (30),ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറയും. മോക്ക് ടെസ്റ്റ് www.nta.ac.in ൽ ലഭ്യമാണ്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു , ചെന്നൈ, മധുരൈ, തിരിച്ചിറപ്പള്ളിയടക്കം 109 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുൻഗണനയനുസരിച്ച് നാല് കേന്ദ്രങ്ങൾ അപേക്ഷയോടൊപ്പം നൽകണം. പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം പ്രത്യേക കൗൺസിലിംഗ് വഴിയാണ് സ്ഥാപനങ്ങൾ അലോട്ട് ചെയ്യുന്നത്.
കേരളത്തിലും അവസരം: ഈ പരീക്ഷ വഴി കേന്ദ്രസർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് & കാറ്ററിങ് ടെക്നോളജി കോവളം (298 സീറ്റ്), സംസ്ഥാന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴിക്കോട് (90 സീറ്റ്) എന്നിവിടങ്ങളിൽ പഠിക്കാം.
കൂടാതെ സ്വകാര്യ സ്ഥാപനങ്ങളായ മൂന്നാർ കാറ്ററിങ് കോളേജിലും ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ് വയനാടിലും (120 സീറ്റ് വീതം) പ്രവേശനം ലഭ്യമാണ്.
അവസരങ്ങൾ നിരവധി: പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, റിസോർട്ടുകൾ, റെയിൽവേ, വിമാന കമ്പനികൾ, ഷിപ്പിംഗ്/ ക്രൂസ് ലൈൻസ്, വൻകിട വ്യവസായ സ്ഥാപനങ്ങൾ,
ഫുഡ് ഔട്ട്ലെറ്റുകൾ തുടങ്ങിയ മേഖലകളിൽ ഹോട്ടൽ മാനേജർ, റസ്റ്റോറൻറ് മാനേജർ,
ഫ്രണ്ട് ഓഫീസ് മാനേജർ, കിച്ചണ് സൂപ്പർവൈസർ, ഫുഡ് & ബീവറേജ് മാനേജർ, ട്രാവൽ ആൻഡ് ടൂറിസം മാനേജർ, ഹൗസ് കീപ്പിംഗ് മാനേജർ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. കൂടാതെ ഓൺട്രപ്രണർഷിപ്പ് മേഖലയിലും അധ്യാപന മേഖലയിലും അവസരങ്ങളുണ്ട്.
അപേക്ഷ: exams.nta.ac.in/NCHM വഴി ഫെബ്രുവരി 15 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫെബ്രുവരി 17 മുതൽ 20 വരെ അപാകതകൾ തിരുത്താനവസരമുണ്ടാകും. 1000 രൂപയാണ് അപേക്ഷാഫീസ്. പട്ടിക / ഭിന്നശേഷി / തേർഡ് ജെൻഡർ വിഭാഗത്തിന് 450 രൂപയും ജനറൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 700 രൂപയും മതി. ഫെബ്രുവരി 15 ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷകർക്ക് പ്രായപരിധിയില്ല. ഇംഗ്ലിഷ് / ഹിന്ദിയിൽ ചോദ്യപേപ്പർ ലഭ്യമാണ്. അപേക്ഷയിൽ വേണ്ട ഭാഷ തിരഞ്ഞെടുക്കണം.
വിശദ വിവരങ്ങൾ www.nta.ac.in, exams.nta.ac.in/NCHM/ എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
ഇമെയിൽ: nchm@nta.ac.in,
ഹെൽപ് ഡെസ്ക് : 08026599990.
No responses yet