സാങ്കേതിക പഠന മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിൽ ബി.എസ് ഡാറ്റാ സയന്‍സ് & അപ്ലിക്കേഷൻസ് (BS Data Science & Applications) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി രണ്ട് വരെ അപേക്ഷിക്കാം. പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ചവർക്കും ചേരാവുന്ന നാല് വർഷം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സാണിത്. നാല് ലെവലുകളായി കോഴ്സുകൾ പൂർത്തിയാക്കാം. എട്ട് വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം. ഓൺലൈൻ പരീക്ഷ വഴിയാണ് പ്രവേശനം.
ഐ.ഐ.ടി ക്കാരനാകാം
കോഴ്സ് പൂർത്തിയാക്കുന്നവർ ഐ.ഐ.ടി മദ്രാസ് അലൂംനി അംഗങ്ങളാകും. ഓരോ ലെവലും പൂർത്തിയാക്കുമ്പോൾ ഐ.ഐ.ടി നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഏത് പ്രായക്കാർക്കും എവിടെനിന്നും പഠിക്കാവുന്ന ഈ കോഴ്സ് മറ്റു റെഗുലർ കോഴ്സുകളുടെ കൂടെയും പഠിക്കാം. കോഴ്സിനിടയിൽ വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പുകൾക്കും അവസരമുണ്ട്. മികച്ച ജോലി സാധ്യതയോടൊപ്പം ഉപരിപഠന സാധ്യതയുമുണ്ട്.
യോഗ്യത
പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായവർക്കും ത്രിവത്സര അംഗീകൃത ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്ലസ് വൺ പൂർത്തിയാക്കിയവർക്കും യോഗ്യതാപരീക്ഷ എഴുതാം. കോഴ്സിന് ചേരുന്നതിനുമുമ്പ് പ്ലസ് ടു പൂർത്തിയാക്കിയാൽ മതി. പത്താം ക്ലാസ്സിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ്ടു ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. ജെ.ഇ.ഇ അഡ്വാൻസ്‌ഡ് യോഗ്യത നേടിയവർക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല.
നാല് ലെവലുകൾ
ബി.എസ് ഡാറ്റാ സയൻസ് & ആപ്ലിക്കേഷൻസ് പ്രോഗ്രാമിന് ഫൗണ്ടേഷൻ, ഡിപ്ലോമ, ബി.എസ്.സി, ബി.എസ് എന്നീ നാല് ലെവലുകളുണ്ട്. ഓരോ ലെവൽ പൂർത്തിയാക്കിയതിന് ശേഷം പഠനം അവസാനിപ്പിക്കാനും (എക്സിറ്റ് ഓപ്ഷൻ) തുടരാനും അവസരമുണ്ട്. പൂർത്തിയാക്കിയ ലെവലുകളനുസരിച്ച് ഫൗണ്ടേഷൻ, ഡിപ്ലോമ, ബിരുദം എന്നിങ്ങനെ ഐ.ഐ.ടി മദ്രാസ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ഫൗണ്ടേഷൻ
മാത്തമാറ്റിക്സ് ഫോർ ഡാറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ഫോർ ഡാറ്റാ സയൻസ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഇംഗ്ലീഷ്, പ്രോഗ്രാമിങ് ഇൻ പൈത്തൺ ഉൾപ്പെടെ എട്ട് കോഴ്സുകൾ പൂർത്തിയാക്കി 32 ക്രെഡിറ്റുകൾ നേടണം. 32,000 രൂപയാണ് ഫീസ്. ഒന്നു മുതൽ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം.
ഡിപ്ലോമ
എട്ട് ഫൗണ്ടേഷൻ കോഴ്സുകളും പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്യാം. ഡിപ്ലോമ ഇൻ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് എന്നീ രണ്ട് വിഭാഗങ്ങളായാണ് പഠനം. ഓരോ വിഭാഗത്തിലും അഞ്ച് കോർ കോഴ്സുകൾ, രണ്ട് പ്രോജക്ടുകൾ, ഒരു സ്കിൽ എൻഹാൻസ്മെൻ്റ് കോഴ്സ് എന്നിവ പഠിച്ച് 27 ക്രെഡിറ്റുകൾ വീതം നേടണം. ഒരു ഡിപ്ലോമ പൂർത്തിയാക്കിയാലും ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ട് ഡിപ്ലോമകളും പൂർത്തിയാക്കുന്നവർക്ക് ബി.എസ്.സി പ്രോഗ്രാമിന് പ്രവേശനം നേടാം. 1,25,000 രൂപയാണ് ഫീസ് (ഒരു ഡിപ്ലോമക്ക് 62,500 രൂപ). ഓരോ ഡിപ്ലോമയും ഒന്ന് മുതൽ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കണം.
ബിരുദം (ബി.എസ്.സി, ബി.എസ്)
ഡിപ്ലോമകൾ പൂർത്തിയാക്കിയവർക്ക് ബി.എസ്.സി ഇൻ പ്രോഗ്രാമിംഗ് & ഡാറ്റാ സയൻസിന് പ്രവേശനം നേടാം. 28 ക്രെഡിറ്റുകൾ കൂടി നേടി ഫൗണ്ടേഷൻ, ഡിപ്ലോമ എന്നിവയിൽ നേടിയ ക്രെഡിറ്റുകളടക്കം 114 ക്രെഡിറ്റുകൾ പൂർത്തിയാക്കിയാൽ ബി.എസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്സിന് ചേരാം. 64,000 – 70,000 രൂപയാണ് ഫീസ്. ഒന്നു മുതൽ മൂന്ന് വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണം. 28 ക്രെഡിറ്റുകൾ കൂടി നേടി ആകെ 142 ക്രെഡിറ്റുകൾ പൂർത്തിയാക്കുന്നവർക്ക് ബി.എസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അപ്ലിക്കേഷൻസ് ഡിഗ്രി ലഭിക്കും. 94,000-1,24,000 വരെയാണ് ബി.എസ് പ്രോഗ്രാമിന്റെ ഫീസ്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡീപ് ലേണിങ് തുടങ്ങിയ വിഷയങ്ങളാണ് ബിരുദ തലത്തിൽ പഠിക്കുന്നത്. കൂടാതെ താൽപര്യമനുസരിച്ച് ഇലക്ടീവ് കോഴ്സുകളും തെരഞ്ഞെടുക്കാം. എൻ.പി.ടി.എൽ പോർട്ടൽ വഴിയും അപ്രന്റിസ്ഷിപ്പ് വഴിയും നിശ്ചിത ക്രെഡിറ്റുകൾ നേടാം.
ഫീസിളവ്
പ്രോഗ്രാമിന്റെ മൊത്തം ഫീസ് 3,15,000- 3,51,000 രൂപ വരുമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിച്ച് ജനറൽ വിഭാഗക്കാർക്കടക്കം ഫീസിളവ് ലഭിക്കാറുണ്ട്. പട്ടിക വിഭാഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും പ്രത്യേക ഫീസിളവുണ്ട്.
അപേക്ഷ
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി 2025 ജനുവരി രണ്ട് വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 3000/- രൂപ. പട്ടിക/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 1500/- രൂപയും പട്ടിക വിഭാഗങ്ങളിൽ പെട്ട ഭിന്നശേഷിക്കാർക്ക് 750/- രൂപയും മതി. വെബ്സൈറ്റ് : study.iitm.ac.in
No responses yet