ഏത് സ്ട്രീമെടുത്ത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും എഴുതാവുന്ന നിരവധി പ്രവേശന പരീക്ഷകളുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഉപരി പഠനാവസരമൊരുക്കുന്ന ഇത്തരം പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ. വിശദാംശങ്ങൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ ലഭ്യമാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (NID DAT)
ഡിസൈൻ മേഖലയില്‍ ശ്രദ്ധേയ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ വിവിധ കാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത. പ്രധാന കാമ്പസായ അഹമ്മദാബാദിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ആസാം കാമ്പസുകളിലും വിവിധ ഡിസൈൻ പ്രോഗ്രാമുകള്‍ പഠിക്കാം.
വെബ്സൈറ്റ്: admissions.nid.edu
അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രൻസ് എക്സാമിനേഷന് ഫോര്‍ ഡിസൈന്‍ (UCEED)
മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ഗുവാഹട്ടി, റൂർക്കി ഐ.ഐ.ടികള്‍, ഐ.ഐ.ടി.ഡി.എം ജബല്‍പൂര്‍ എന്നീ സ്ഥാപനങ്ങളിലെ നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാം പ്രവേശനത്തിനുള്ള പൊതു പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത. ഗുവാഹത്തി, റൂർക്കി ഐ.ഐ.ടികളിലും ഐ.ഐ.ടി ഡി.എം ജബല്‍പൂരിലും സയന്‍സ് സ്ട്രീമുകാര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പല മികച്ച സ്ഥാപനങ്ങളും അവരുടെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം പ്രവേശനത്തിന് UCEED സ്കോര്‍ പരിഗണിക്കാറുണ്ട്.
വെബ്സൈറ്റ്: www.uceed.iitb.ac.in
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (NIFT) പ്രവേശന പരീക്ഷ
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തുന്ന വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. കണ്ണൂരിലടക്കം 18 കാമ്പസുകളില്‍ വ്യത്യസ്തമായ സെപെഷ്യലൈസേഷനോട് കൂടിയ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്ലസ്ടുവാണ് യോഗ്യത.
വെബ്സൈറ്റ്: www.nift.ac.in
ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT)
മാനേജ്മെന്റ് മേഖലയിൽ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് രാജ്യത്തെ മുന്‍നിര മാനേജ്മെന്റ് സ്ഥാപനങ്ങളായ ഐ.ഐ.എം ഇൻഡോറും ഐ.ഐ.എം റോത്തക്കും IPMAT എന്ന പേരില്‍ വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. പരീക്ഷാ പാറ്റേണില്‍ വ്യത്യാസമുണ്ട്. പ്ലസ്ടു തലത്തില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.
വെബ്സൈറ്റുകള്‍: www.iimidr.ac.in , www.iimrohtak.ac.in
ഐ.ഐ.എം. റാഞ്ചിയിലെ പഞ്ചവര്‍ഷ മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനും IPMAT(Indore) പരീക്ഷാ സ്കോർ പരിഗണിക്കാറുണ്ട്.
വെബ്സൈറ്റ്: www.iimranchi.ac.in
ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (JIPMAT)
ജമ്മു,ബോധ്ഗയ ഐ.ഐ.എം ക്യാമ്പസുകളിലെ പഞ്ചവര്‍ഷ മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.
വെബ്സൈറ്റ്: www.jipmat.ac.in
കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേറ്റ് (CUET UG)
ഇന്ത്യയിലെ വിവിധ കേന്ദ്ര, ഡീംഡ്, പ്രൈവറ്റ് സർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ.
വെബ്സൈറ്റ്: exams.nta.ac.in/CUET-UG
കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (CLAT)
കൊച്ചിയിലെ നുവാല്‍സ് (NUALS) ഉള്‍പ്പടെ രാജ്യത്തെ 25 ദേശീയ നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.
വെബ്സൈറ്റ്: consortiumofnlus.ac.in
ആള് ഇന്ത്യാ ലോ എന്‍ട്രസ് ടെസ്റ്റ് (AILET)
ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത.
വെബ് സൈറ്റ്: www.nludelhi.ac.in
കേരള നിയമ പ്രവേശന പരീക്ഷ (KLEE)
കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത.
വെബ്സൈറ്റ്: www.cee.kerala.gov.in
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT), അലിഗഢ് മുസ്ലിം സര്‍വകലാശാല (AMU), ജിന്‍ഡാല്‍ ലോ സ്കൂള്‍, സിംബയോസിസ് ലോ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകള്‍ വഴി പഞ്ചവത്സര നിയമ പഠനത്തിന് അവസരമുണ്ട്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ജോയിന്റ് എന്‍ട്രൻസ് എക്സാമിനേഷന് (NCHM JEE)
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളില്‍ ത്രിവത്സര ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത. വെബ്സൈറ്റ് : exams.nta ac.in/NCHM
നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET)
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (എൻ.സി.ടി.ഇ) കീഴിലുള്ള
നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി. ഇ.പി ) പ്രവേശന പരീക്ഷയാണിത്.
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (RIE), കേന്ദ്ര / സംസ്ഥാന സർവ്വകലാശാലകൾ, ഡീംഡ്,പ്രൈവറ്റ് സർവ്വകലാശാലകൾ തുടങ്ങിയവയിൽ ബി.എ – ബി.എഡ്, ബി.കോം – ബി എഡ് ഉൾപ്പടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
വെബ് സൈറ്റ്: ncet.samarth.ac.in
നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി (NDA & NA) പരീക്ഷ
ആര്‍മി, നേവി, എയര്‍ഫോഴ്സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NDA & NA യില്‍ ആര്‍മി വിംഗിലേക്ക് , പ്ലസ്ടുവിന് ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു വിജയമാണ് യോഗ്യത. പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
വെബ്സൈറ്റ്: www.upsconline.nic.in
മറ്റ് പരീക്ഷകൾ
- ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആന്റ് ഡിസൈനിലെ വിവിധ ഡിസൈന്‍ പ്രോഗ്രാമുകള്‍ (www.iicd.ac.in)
- ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ പ്രോഗ്രാമുകൾ (fddiindia.com)
- ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻറ് എക്കണോമിക്സിൽ ബി.എസ്.സി എക്കണോമിക്സ് (www.gipe.ac.in)
- കൊച്ചി ശാസ്ത്ര സാങ്കേതിക സവ്വകലാശാലയിൽ ബി.വോക് പ്രോഗ്രാം (www.cusat.ac.in)
- നാഷണൽ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ വിവിധ ബിരുദ പ്രോഗ്രാമുകൾ (www.nsu.ac.in),
- ലക്ഷ്മി ബായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഗ്വാളിയോറിൽ ഇന്റഗ്രേറ്റഡ് ബി.പി.എഡ് പ്രോഗ്രാം (www.lnipe.edu.in)
- കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ വിവിധ ഡിപ്ലോമ പ്രോഗ്രാമുകൾ (www.krnnivsa.com)
- വിവിധ സ്ഥാപനങ്ങളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (BFA) പ്രോഗ്രാമുകൾ തുടങ്ങിയവയുടെ പ്രവേശനവും വിവിധ പരീക്ഷകള്‍ വഴിയാണ്.
- കാലിക്കറ്റ് സർവ്വകാശാലയിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും പ്രവേശന പരീക്ഷയുണ്ട്. (admission.uoc.ac.in)
- അസീം പ്രേംജി യൂനിവേഴ്സിറ്റി (azimpremjiuniversity.edu.in), സിംബയോസിസ് (www.siu.edu.in), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (manipal.edu), ക്രൈസ്റ്റ് യൂനിവേഴ്സിറ്റി (christuniversity.in) തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളും വിവിധ പരീക്ഷകള്‍ വഴി നിരവധി പ്രോഗ്രാമുകൾക്ക് പ്രവേശനം നല്‍കുന്നുണ്ട്.
No responses yet