സയൻസ് മേഖലയിലെ പ്രവേശന പരീക്ഷകൾ

പ്രവേശന പരീക്ഷകളുടെ സമയമാണിപ്പോൾ. ദേശീയപ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളിലെയും പ്രവേശനം വിവിധ പരീക്ഷകൾ വഴിയാണ്. മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി, വേണ്ട മുന്നൊരുക്കങ്ങൾ നടത്തണം. ജെ.ഇ.ഇ മെയിൻ , ക്ലാറ്റ്, ഐലറ്റ്, എൻ.ഐ.ഡി, യുസീഡ് തുടങ്ങി പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാവുന്ന പല പരീക്ഷകളുടെയും വിജ്ഞാപനം വന്നു കഴിഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം.

ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പരിഗണിക്കാവുന്ന, സയൻസ് മേഖലയിലെ പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ സന്ദർശിക്കണം.

നീറ്റ് യു.ജി

വിവിധ മെഡിക്കൽ, ഡെന്റൽ, മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യു.ജി അഥവാ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേറ്റ് (NEET UG) . ദേശീയ പ്രാധാന്യമുള്ള എയിംസ്, ജിപ്മെർ പോലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലും നീറ്റ് വഴിയാണ് പ്രവേശനം. കേരളത്തിൽ എം.ബി.ബി.എസ് / ബി.ഡി.എസ് പ്രോഗ്രാമുകൾക്ക് പുറമേ ഹോമിയോ, ആയുർവേദം, വെറ്ററിനറി,അഗ്രികൾച്ചർ , ഫിഷറീസ്, ഫോറസ്ട്രി തുടങ്ങി വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും നീറ്റ് സ്കോറാണ് പരിഗണിക്കുന്നത്.

വിദേശത്ത് എം.ബി.ബി.എസ് പഠിക്കാനും നീറ്റ് യോഗ്യത ആവശ്യമാണ്.

വെബ്‌സൈറ്റ്: exams.nta.ac.in/NEET

ജെ..ഇ മെയിൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT), ഗവെൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ് (GFTI ) എന്നിവയിലെ വിവിധ എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍, പ്ലാനിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രസ് എക്‌സാമിനേഷന്‍ (JEE ) മെയിൻ. കോഴിക്കോട് എന്‍.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും ജെ.ഇ.ഇ മെയിൻ വഴിയാണ് പ്രവേശനം. ദേശീയ പ്രാധാന്യമുള്ള വിവിധ സ്ഥാപനങ്ങളും പ്രവേശനത്തിന് ജെ.ഇ.ഇ മെയിൻ സ്‌കോര്‍ പരിഗണിക്കാറുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ പരീക്ഷയുണ്ട്. രണ്ടും എഴുതുന്നവരുടെ മികച്ച സ്കോറാണ് അന്തിമ റാങ്കിംഗിന് പരിഗണിക്കുക. ഈ വർഷത്തെ ഒന്നാം സെഷന്‍ നവംബർ 22 വരെ അപേക്ഷിക്കാം. രണ്ടാം സെഷന് ജനവരി 31 മുതൽ ഫെബ്രുവരി 24 വരെയും.

വെബ് സൈറ്റ്: jeemain.nta.nic.in

ജെ..ഇ അഡ്വാൻസ്ഡ്

ഐ.ഐ.ടികളിലെ എഞ്ചിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണ് ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാന്‍സ്ഡ്. ജെ.ഇ.ഇ മെയിന്‍ ഒന്നാം പേപ്പർ അഭിമുഖീകരിച്ച് മികച്ച റാങ്ക് ലഭിക്കുന്ന ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹതയുള്ളൂ. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടിയ ശേഷം ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) കൂടി എഴുതി യോഗ്യത നേടേണ്ടതുണ്ട്.

വെബ്‌സൈറ്റ്: www.jeeadv.ac.in

കേരള എഞ്ചിനീയറിങ്,ഫാർമസി പ്രവേശന പരീക്ഷ (KEAM)

കേരളത്തിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനായി കേരള എന്‍ട്രൻസ് കമ്മീഷണർ നടത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയാണിത്. ഫാർമസി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി പേപ്പറുകളിലെ മാർക്കാണ് പരിഗണിക്കുന്നത്.

വെബ്‌സൈറ്റ്: www.cee.kerala.gov.in

നാറ്റ

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആർക്) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയാണ് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA). കേരളത്തിലെ ബി.ആര്‍ക് പ്രവേശനം, നാറ്റ സ്‌കോറിനും പ്ലസ്ടു മാർക്കിനും തുല്യ പരിഗണന നല്‍കി, പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.

വെബ്‌സൈറ്റ്: www.nata.in

കൊച്ചിൻ യൂനിവേഴ്സിറ്റി സയൻസ് & ടെക്നോളജി കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT)

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ എഞ്ചിനീയറിംഗ്, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.

വെബ്‌സൈറ്റ്: admissions.cusat.ac.in

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് അഡ്മിഷൻ ടെസ്റ്റ് (BITSAT)

ബിറ്റ്സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിൽ വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ (ബി.ഇ, എം.എസ്.സി, ബി.ഫാം) പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ.

വെബ്സൈറ്റ്: www.bitsadmission.com

ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT)

ശാസ്ത്ര മേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (IISER) വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.

വെബ്‌സൈറ്റ്: www.iiseradmission.in

നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (NEST)

കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭുവനേശ്വരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ – ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM- DAE CEBS) എന്നീ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.

വൈബ്‌സൈറ്റ് : www.nestexam.in

.എസ്.ഐ അഡ്മിഷന്‍ ടെസ്റ്റ്

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ISI) ബി.സ്റ്റാറ്റ് (ഓണേഴ്‌സ്), ബി. മാത്ത് (ഓണേഴ്‌സ്) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

വെബ്‌സൈറ്റ്: www.isical.ac.in

സി.എം.ഐ പ്രവേശന പരീക്ഷ

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (CMI) നടത്തുന്ന മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് എന്നീ ബി.എസ്.സി (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ.

വെബ്‌സൈറ്റ് : www.cmi.ac.in.

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യു.ജി (CUET UG)

കേന്ദ്ര സർവകലാശാലകളുടെയും മറ്റു ചില സർവകലാശാലകളുടെയും ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് സി.യു.ഇ. ടി – യു.ജി. വിവിധ സർവ്വകലാശാലകളിലായി നിരവധി സയൻസ് പ്രോഗ്രാമുകൾ ലഭ്യമാണ് . അഗ്രികൾചർ അനുബന്ധ കോഴ്സുകളുടെ 20 ശതമാനം ഓൾ ഇന്ത്യാ ക്വാട്ടയുടെ പ്രവേശനവും സി .യു. ഇ.ടി വഴിയാണ്.

വെബ് സൈറ്റ് : exams.nta.ac.in/CUET-UG

നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി (NDA & NA) പരീക്ഷ

ആര്‍മി,നേവി, എയര്‍ഫോഴ്‌സ് വിംഗുകളിലേക്കുള്ള പ്രവേശന പരീക്ഷയായ എൻ.ഡി.എ ആന്റ് എന്‍. എയില്‍ നേവി, എയര്‍ഫോഴ്‌സ് വിംഗുകളിലേക്ക് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

വെബ്‌സൈറ്റ്: www.upsc.gov.in

ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (IMU CET)

ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖ പട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് എന്നീ കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

വെബ്സൈറ്റ്: www.imu.edu.in

അണ്ടര്‍ ഗ്രാജ്വേറ്റ് പ്രീഇന്റര്‍വ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (UPST)

കൊല്‍ക്കത്തയിലെ ജാദവ്പൂരിലുള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സിൽ (IACS) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് സയൻസ് – മാസ്‌റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ.

വെബ്സൈറ്റ് : www.iacs.res.in

നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET)

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (എൻ.സി.ടി.ഇ) കീഴിലുള്ള നാല് വർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി. ഇ. പി) പ്രവേശന പരീക്ഷയാണിത്.

വിവിധ ഐ.ഐ.ടികൾ, എൻ.ഐ.ടി കൾ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവ്വകലാശാലകൾ തുടങ്ങിയവയിൽ ബി.എസ് സി – ബി.എഡ് ഉൾപ്പടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

വെബ്സൈറ്റ്: ncet.samarth.ac.in

പാരാ മെഡിക്കല്‍ പ്രവേശന പരീക്ഷകൾ

ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (AIIMS) വിവിധ കാമ്പസുകളില്‍ ബി.എസ് സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രോഗ്രാം, വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകൾ (www.aiimsexams.ac.in),ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (PGIMER) ബി.എസ്.സി നഴ്‌സിങ് (www.pgimer.edu.in), ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ (NIMHANS) വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ (nimhans.ac.in), മൈസൂരിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിൽ (AIISH) ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (www.aiishmysore.in), മുംബൈയിലെ അലിയാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ayjnihh.nic.in) തുടങ്ങിയവക്ക് പ്രത്യേകം പ്രവേശന പരീക്ഷകളുണ്ട്. പോണ്ടിച്ചേരിയിലെ ജിപ്മറിലെ നാല് വർഷ ബി.എസ്.സി നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളുടെ പ്രവേശനം നീറ്റ് യു ജി റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനം നേരിട്ട് നടത്തുന്ന കൗൺസിലിംഗ് വഴിയാണ് (jipmer.edu.in). കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ എന്നിവിടങ്ങളിലെ ബിരുദ പ്രോഗ്രാമുകളായ ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (BPT), ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (BOT), ബാച്ചിലര്‍ ഇൻ പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോട്ടിക്‌സ് (BPO), ബാച്ചിലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി)പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ് (svnirtar.ac.in).

മറ്റ് പരീക്ഷകൾ

അമേത്തിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമിയിലെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) പരിശീലന പ്രോഗ്രാം (igrua.gov.in), തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ സി.പി.എൽ പരിശീലന പ്രോഗ്രാം (www.rajivgandhiacademyforaviationtechnology.org), കൊച്ചിയിലെ സിഫ്നെറ്റ് നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം (cifnet.gov.in), കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകൾ (admission.uoc.ac.in), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാം (www.nift.ac.in), ജബൽപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആന്റ് മാനുഫാക്ചറിംഗ് (IITDM), ഐ.ഐ.ടി ഗുവാഹത്തി എന്നീ സ്ഥാപനങ്ങളിലെ ബാച്ച്ലർ ഓഫ് ഡിസൈൻ പ്രോഗ്രാമുകൾ, നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോഗ്രാമുകൾ (nrti.in) തുടങ്ങിയവക്കും വിവിധ പരീക്ഷകള്‍ വഴി പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകള്‍ വഴി മികവുറ്റ സയന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം സാധ്യമാണ്.

CATEGORIES

Career Portal

No responses yet

Leave a Reply

Your email address will not be published. Required fields are marked *