മൌലികാവകാശങ്ങൾ (Fundamental Rights)

പൌരന്മാരുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മുകളിൽ രാഷ്ട്രത്തിന്റെ കടന്നുകയറ്റം തടയാനും രാഷ്ട്രത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും പൌരന്മാർക്ക് സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഭരണഘടനയിൽ മൌലികാവകാശങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്.   ‘ഇന്ത്യയുടെ മാഗ്നകാർട്ട’, ’ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്’ എന്നൊക്കെ അറിയപ്പെടുന്നത് മൌലികാവകാശങ്ങളാണ്. 

ഇന്ത്യൻ ഭരണഘടനയിലെ ഭാഗം (Part) 3ലെ അനുച്ഛേദം (Article) 12 മുതൽ 35 വരെയാണ് മൌലികാവകാശത്തെ പറ്റി പ്രതിപാദിക്കുന്നത്. മൌലികാവകാശങ്ങൾ ഇന്ത്യ കടം കൊണ്ടിരിക്കുന്നത് അമേരിക്കയിൽ നിന്നാണ് (Bill of Rights).

ഭരണഘടന നിലവിൽ വരുമ്പോൾ 7 മൌലികാവകാശങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. 1978ലെ 44-ാം ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശത്തെ (Right to Property) മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും (അനുച്ഛേദം 31ൽ നിന്നും) നീക്കിയതോടെ നിലവിൽ 6 മൌലികാവകാശങ്ങളാണുള്ളത്. നിലവിൽ സ്വത്തവകാശം ഒരു നിയമാവകാശം മാത്രമാണ്. ഭാഗം 12ലെ അനുച്ഛേദം 300A ലാണ് നിലവിൽ സ്വത്തവകാശം ഉൾപ്പെട്ടിട്ടുള്ളത്. സ്വത്തവകാശം നിയമാവകാശമാക്കുമ്പോൾ നീലം സജ്ഞീവ റെഡ്ഢിയായിരുന്നു ഇന്ത്യൻ പ്രസിഡന്റ്.

നിലവിലെ 6 മൌലികാവകാശങ്ങൾ ഇവയാണ്:

  1. സമത്വത്തിനുള്ള അവകാശം (Right to equality) [Article 14-18]
  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to freedom) [Article 19-22]
  3. ചൂഷണത്തിനെതിരായ അവകാശം (Right against exploitation) [Article 23-24]
  4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (Right to freedom of religion) [Article 25-28]
  5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ (Cultural and educational rights) [Article 29-30]
  6. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം (Right to constitutional remedies) [Article 32]

മൌലികാവകാശങ്ങളുടെ ചില സവിശേഷതകൾ നോക്കാം:

  • ചില മൌലികാവകാശങ്ങൾ ഇന്ത്യൻ പൌരന്മാർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ (Article 15, 16, 19, 29, 30). ചിലവ പൌരന്മാർക്കും വിദേശികൾക്കും എല്ലാം ലഭ്യമാകും (Article 14, 20 to 28).
  • അവ പരിപൂർണമോ (Absolute) അനിയന്ത്രിതമോ (Unlimited) അല്ല. രാഷ്ട്രത്തിന് അവയുടെ മേൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കും. എന്നാൽ അത്തരം നിയന്ത്രണങ്ങൾ ഭരണഘടനാവിരുദ്ധമാണോ എന്ന് തീരുമാനിക്കുന്നത് കോടതികളാണ്.
  • അവയിൽ ചിലത് നിഷേധാത്മകമാണ് (Negative). അവ രാഷ്ട്രത്തിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നു. ചിലത് പോസിറ്റീവാണ്. അവ പൌരന്മാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നു.
  • അവ ന്യായമായവയാണ് (Justiciable). അവ ലംഘിക്കപ്പെടുകയാണെങ്കിൽ കോടതികളെ സമീപിക്കാൻ വ്യക്തികളെ അനുവദിക്കുന്നു
  • അവ വിശുദ്ധമോ (sacrosanct) ശാശ്വതമോ (permanent) അല്ല. ഒരു ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ പാർലമെൻ്റിന് അവയിൽ മാറ്റം വരുത്താൻ കഴിയും.
  • മൌലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പൌരന് നേരിട്ട് സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. 

അനുച്ഛേദം 12

ഭാഗം 3ലെ ‘സ്റ്റേറ്റ്’ (State) എന്ന വാക്കിനെ നിർവചിച്ചിരിക്കുന്നു. സ്റ്റേറ്റിന്റെ നിർവചനത്തിൽ താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു.

  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പാർലമെന്റുകൾ, നിയമസഭകൾ
  • പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികളടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
  • ONGC, GAIL, BPCL പോലെയുള്ള ഗവണ്‍മെന്റിന്റെ സ്റ്റാറ്റ്യൂട്ടറി, നോണ്‍ സ്റ്റ്യാറ്റ്യൂട്ടറി അതോറിറ്റികൾ
  • സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, ഏജൻസികൾ

അനുച്ഛേദം 13

  • മൌലികാവകാശത്തെ ഹനിക്കുന്ന നിയമങ്ങൾ (ഓർഡിനൻസുകൾ, ചട്ടങ്ങൾ, വിജ്ഞാപനങ്ങൾ അടക്കം) അസാധുവാകും എന്ന് പ്രതിപാദിക്കുന്നു.
  • അത്തരം നിയമങ്ങൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാൻ സുപ്രീം കോടതിക്കും (അനുച്ഛേദം 32 പ്രകാരം), ഹൈക്കോടതിക്കും (അനുച്ഛേദം 226 പ്രകാരം) കഴിയും. ജുഡീഷ്യറിയുടെ ഈ അധികാരം ‘പുനരവലോകന അധികാരം’ (Judicial Review) എന്നാണ് അറിയപ്പെടുന്നത്.

(തുടരും)

CATEGORIES

Indian Polity

No responses yet

Leave a Reply

Your email address will not be published. Required fields are marked *