പൌരത്വം (Citizenship)

ഒരു വ്യക്തിക്ക് ഒരു രാഷ്ട്രത്തിലുള്ള പൂർണ്ണമായ അംഗത്വമാണ് പൌരത്വം (Citizenship). പൌരത്വം നിലനിൽക്കുമ്പോഴാണ്. ആ രാഷ്ട്രം അനുവദിക്കുന്ന എല്ലാ പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും അവർ ആസ്വദിക്കുന്നു. അവകാശങ്ങളോടൊപ്പം സ്റ്റേറ്റിനോട് പൗരന്മാർക്ക് ചില കടമകളും ഉണ്ട്.

ഇന്ത്യൻ ഭരണഘടന പൌരത്വത്തെക്കുറിച്ച് പറയുന്നത് ഭാഗം (Part) 2ലെ 5 മുതൽ 11 വരെയുള്ള അനുച്ഛേദങ്ങളിലാണ് (Article). എന്നാൽ പൌരത്വത്തെക്കുറിച്ച് വിശാലമായതോ കണിശമായതോ ആയ വ്യവസ്ഥകളൊന്നും ഭരണഘടനയിൽ പറയുന്നില്ല. ഭരണഘടന നിലവിൽ വരുമ്പോൾ ആർക്കൊക്കെയാണ് ഇന്ത്യൻ പൌരത്വമുള്ളത് എന്ന് മാത്രമേ ഭരണഘടനയിൽ പറയുന്നുള്ളൂ. പൌരത്വത്തെ കുറിച്ച് വിശദമായ വ്യവസ്ഥകളുള്ളത് 1955ലെ പൌരത്വ നിയമത്തിലാണ് (The Citizenship Act, 1955).

അനുച്ഛേദം 10, 11 പ്രകാരം പൌരത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുണ്ടാക്കാനും അതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കാനുമുള്ള പൂർണമായ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. 

പൌരത്വനിയമം 1955

ഭരണഘടന നിലവിൽ വന്നതിന് ശേഷം ഇന്ത്യൻ പൌരത്വം നേടൽ, നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചാണ് ഈ നിയമം പ്രധാനമായും പ്രതിപാദിക്കുന്നത്. 1955ലെ പൌരത്വനിയമ പ്രകാരം അഞ്ച് തരത്തിൽ ഒരു വ്യക്തിക്ക് ഇന്ത്യൻ പൌരത്വം നേടാം.

  1. ജന്മം മൂലം (By Birth)
  2. പിന്തുടർച്ച വഴി (By Descent)
  3. രജിസ്ട്രേഷൻ വഴി (By Registration)
  4. ചിരകാലവാസം വഴി (By Naturalisation)
  5. പ്രാദേശിക സംയോജനം വഴി (By Incorporation of Territory)

1955ലെ പൌരത്വനിയമ പ്രകാരം മൂന്ന് തരത്തിൽ ഒരു വ്യക്തിക്ക് ഇന്ത്യൻ പൌരത്വം നഷ്ടപ്പെടാം.

  1. പരിത്യാഗം (By Renunciation): പ്രായപൂർത്തിയും കാര്യപ്രാപ്തിയുമുള്ള ഏതൊരു പൌരനും സത്യവാങ്മൂലം നൽകി പൌരത്വം ഉപേക്ഷിക്കാവുന്നതാണ്.
  2. നിർത്തലാക്കൽ വഴി (By Termination): മറ്റൊരു രാജ്യത്തിന്റെ പൌരത്വം സ്വീകരിച്ചാൽ ഇന്ത്യൻ പൌരത്വം സ്വമേധയാ നഷ്ടമാകും.
  3. എടുത്തു മാറ്റൽ വഴി (By Deprivation): വഞ്ചനയിലൂടെ ഇന്ത്യൻ പൌരത്വം നേടുക, ഇന്ത്യൻ ഭരണഘടനയോട് അവിശ്വാസം പുലർത്തുക, യുദ്ധസമയങ്ങളിൽ ശത്രുരാജ്യങ്ങളുമായി വ്യാപാരം ആശയവിനിമയം എന്നിവ നടത്തുക, രജിസ്ട്രേഷൻ, ചിരകാലവാസം എന്നിവ മുഖേന പൌരത്വം നേടി 5 വർഷത്തിനുള്ളിൽ മറ്റു രാജ്യങ്ങളിൽ രണ്ട് വർഷ തടവ് ലഭിച്ചാൽ, തുടർച്ചയായി 7 വർഷം ഇന്ത്യക്ക് പുറത്ത് താമസിച്ചാൽ തുടങ്ങിയവയിൽ ഏതെങ്കിലും ഒരു കാരണത്താൽ കേന്ദ്ര സർക്കാരിന് ഒരു വ്യക്തിയുടെ പൌരത്വം ഒഴിവാക്കാം.

ഏക പൌരത്വം (Single Citizenship)

ഇന്ത്യൻ ഭരണഘടന ഫെഡറൽ ആശയം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും അത് ഏക പൌരത്വം മാത്രമേ അനുവദിക്കുന്നുള്ളൂ, അതായത് ഇന്ത്യൻ പൌരത്വം. അതേസമയം അമേരിക്ക, സ്വിറ്റ്സർലന്റ് പോലെയുള്ള പൂർണ ഫെഡറൽ രാഷ്ട്രങ്ങൾ പൌരന്മാർക്ക് ഇരട്ട പൌരത്വം അനുവദിക്കുന്നുണ്ട്. ഈ രാഷ്ട്രങ്ങളിലെ പോലെ സംസ്ഥാനങ്ങൾക്ക് പ്രത്യേക പൌരത്വം എന്ന വ്യവസ്ഥ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. ഏകപൌരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടണിൽ നിന്നാണ്.

CATEGORIES

Indian Polity

No responses yet

Leave a Reply

Your email address will not be published. Required fields are marked *