1956ലെ സംസ്ഥാനങ്ങളുടെ വലിയ തോതിലുള്ള പുനസ്സംഘടനയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രത്യേക സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. തത്ഫലമായി, പല സമയങ്ങളിലായി പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടു.
മഹാരാഷ്ട്ര & ഗുജറാത്ത്
1960ൽ ബോംബെ സംസ്ഥാനം രണ്ടായി വിഭജിച്ചു. മറാത്ത സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി മഹാരാഷ്ട്രയും ഗുജറാത്തി സംസാരിക്കുന്നവർക്കായി ഗുജറാത്ത് സംസ്ഥാനവും രൂപീകരിച്ചു. ഇന്ത്യയുടെ 15-ാമത്തെ സംസ്ഥാനമായിരുന്നു ഗുജറാത്ത്.
ദദ്രാ & നഗർ ഹവേലി
1954ൽ വിമോചിപ്പിക്കുന്നത് വരെ പോർച്ചുഗീസുകാരാണ് ഇവിടം ഭരിച്ചിരുന്നത്. 1961ലെ 10th ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദദ്രാ & നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്.
ഗോവ, ദാമൻ & ദിയു
1961 വരെ ഈ മൂന്ന് പ്രദേശങ്ങളും പോർച്ചുഗീസുകാരുടെ കൈവശമായിരുന്നു. പോലീസ് നടപടിയിലൂടെയാണ് ഈ പ്രദേശങ്ങൾ ഇന്ത്യ തിരിച്ചുപിടിക്കുന്നത്. 1962ലെ 12th ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഇവയെ ഒരൊറ്റ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. 1987ൽ ഗോവയെ ഒരു സംസ്ഥാനമാക്കി മാറ്റി. ദാമൻ & ദിയു കേന്ദ്രഭരണപ്രദേശമായി തുടരുകയും ചെയ്തു.
പോണ്ടിച്ചേരി
പുതുച്ചേരി, കരൈക്കൽ, മാഹി, യാനം എന്നീ പ്രദേശങ്ങളടങ്ങിയ പോണ്ടിച്ചേരി ടെറിറ്ററി 1954 വരെ ഫ്രഞ്ച് അധീനതയിലായിരുന്നു. 1962ലെ 14th ഭരണഘടനാ ഭേദഗതി പ്രകാരമാണ് പോണ്ടിച്ചേരിയെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്.
നാഗാലാന്റ്
തങ്ങൾക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന നാഗക്കാരുടെ ആവശ്യം പരിഗണിച്ചു കൊണ്ട് 1963ൽ ആസാമിന്റെ ഭാഗമായിരുന്ന നാഗാ ഹിൽസും തുവൻസാങ് പ്രദേശവും വേർപ്പെടുത്തി നാഗാലാന്റ് എന്ന 16-ാമത്തെ സംസ്ഥാനം രൂപീകരിച്ചു.
ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്
മാസ്റ്റർ താരാസിങ്ങിന്റെ നേതൃത്വത്തിൽ അകാലിദൾ സിഖുക്കാർക്ക് ഒരു പ്രത്യേക മാതൃഭൂമി വേണമെന്ന ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം പരിശോധിക്കുന്നതിനായി ഷാ കമ്മീഷനെ (Shah Commission) ചുമതലപ്പെടുത്തി. ഈ കമ്മീഷന്റെ നിർദേശപ്രകാരമാണ് 1966ൽ പഞ്ചാബ് സംസ്ഥാനം വിഭജിച്ചു കൊണ്ട് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ഹരിയാന എന്ന 17-ാമത്തെ സംസ്ഥാനവും ചണ്ഡീഗഡ് എന്ന കേന്ദ്രഭരണ പ്രദേശവും രൂപീകരിച്ചു. മലയോര പ്രദേശങ്ങൾ അന്ന് കേന്ദ്രഭരണ പ്രദേശമായിരുന്ന ഹിമാചലിലേക്കും കൂട്ടിച്ചേർത്തു. 1971ൽ ഹിമാചൽ പ്രദേശിനെ സംസ്ഥാനമാക്കി മാറ്റി (18th State).
മണിപ്പൂർ, ത്രിപുര, മേഘാലയ
1972ൽ വടക്ക് കിഴക്കൻ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഒരു വലിയ മാറ്റത്തിന് വിധേയമായി. കേന്ദ്രഭരണപ്രദേശങ്ങളായിരുന്ന മണിപ്പൂരും, ത്രിപുരയും ഉപ സംസ്ഥാനമായിരുന്ന മേഘാലയയും സംസ്ഥാനങ്ങളായി മാറി. അങ്ങനെ ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. മാത്രമല്ല മിസോറാം, അരുണാചൽ പ്രദേശ് (അന്നേവരെ അറിയപ്പെട്ടിരുന്നത് North East Frontier Agency – NEFA) എന്നിവ കേന്ദ്രഭരണപ്രദേശങ്ങളായും മാറി. ഈ പ്രദേശങ്ങളെല്ലാം അന്നേവരെ അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
സിക്കിം
1947 വരെ ചൊഗ്യാൽ രാജവംശം ഭരിച്ചിരുന്ന നാട്ടുരാജ്യമായിരുന്നു സിക്കിം. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം സിക്കിം ‘സംരക്ഷകഭരണം’ (Protectorate) (അതായത് പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷൻ എന്നീ ഉത്തരവാദിത്വങ്ങൾ ഇന്ത്യയുടെ ചുമതലയും ആഭ്യന്തര കാര്യങ്ങൾ സിക്കിം ഭരണാധികാരിയുടെ ചുമതലയും) എന്ന സ്റ്റാറ്റസിൽ 1974 വരെ തുടർന്നു.1974ൽ ഇന്ത്യയുമായി കൂടുതൽ സഹകരിക്കാനുള്ള ആഗ്രഹം സിക്കിം ജനത പ്രകടിപ്പിച്ചു. 35th ഭരണഘടനാ ഭേദഗതി പ്രകാരം സിക്കിമിന് ‘അസോസിയേറ്റ് സ്റ്റേറ്റ്’ (Associate State) എന്ന പ്രത്യേക പദവി നൽകി.
പക്ഷേ സിക്കിം ജനതയുടെ അഭിലാഷങ്ങളെ പൂർണമായി തൃപ്തിപ്പെടുത്താൻ കഴിയാത്തതിനാൽ ഈ പദവി അധികകാലം നീണ്ടുനിന്നില്ല. 1975ൽ നടന്ന ഹിതപരിശോധനയിൽ (Referendum) സിക്കിമിലെ ചൊഗ്യാൽ രാജഭരണം അവസാനിപ്പിക്കണമെന്നും പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാക്കണമെന്നും സിക്കിം ജനത വിധിയെഴുതി. തത്ഫലമായി 1975ലെ 36th ഭരണഘടനാ ഭേദഗതി പ്രകാരം സിക്കിമിന് സംസ്ഥാന പദവി നൽകുകയും ചെയ്തു. അങ്ങനെ സിക്കിം ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി മാറി.
മിസോറാം, അരുണാചൽ പ്രദേശ്, ഗോവ
മിസോറാമിന് കൂടുതൽ അധികാരങ്ങളും അവകാശങ്ങളും വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രണ്ട് പതിറ്റാണ്ടുകളായി മിസോ നാഷണൽ ഫ്രണ്ട് (Mizo National Front) നടത്തിവന്നിരുന്ന കലാപം അവസാനിപ്പിക്കാൻ 1986ൽ കേന്ദ്ര ഗവണ്‍മെന്റും മിസോ നാഷണൽ ഫ്രണ്ടും മിസോറാം സമാധാന കരാർ (Mizoram Peace Accord) ഒപ്പിട്ടു. കരാറിന്റെ ഭാഗമായി 1987ൽ മിസോറാമിന് സംസ്ഥാന പദവി നൽകി (23-ാമത് സംസ്ഥാനം). 1972 മുതൽ കേന്ദ്രഭരണ പ്രദേശമായിരുന്ന അരുണാചൽ പ്രദേശിനും ഇതേ വർഷം സംസ്ഥാന പദവി നൽകി (24-ാമത് സംസ്ഥാനം). 1987ൽ തന്നെ ഗോവയെയും സംസ്ഥാനമാക്കി മാറ്റി (25-ാമത് സംസ്ഥാനം).
ചത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്
2000ലാണ് ഈ മൂന്ന് സംസ്ഥാനങ്ങളും നിലവിൽ വരുന്നത്. മധ്യപ്രദേശ് വിഭജിച്ചു കൊണ്ടാണ് ചത്തീസ്ഗഢ് എന്ന സംസ്ഥാനം രൂപീകരിച്ചത്. ഉത്തർപ്രദേശിനെ വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച് ജാർഖണ്ഡ് കൂടെ രൂപീകരിച്ചതോടെ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി.
തെലങ്കാന
2014ൽ ആന്ധ്രാ പ്രദേശിനെ വിഭജിച്ചു കൊണ്ട് തെലങ്കാന സംസ്ഥാനം രൂപീകരിച്ചു. ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനമായിരുന്നു തെലങ്കാന.
ദദ്രാ & നഗർ ഹവേലി, ദാമൻ & ദിയു
2019ൽ ദദ്രാ & നഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ ലയിപ്പിച്ച് ഒരൊറ്റ കേന്ദ്രഭരണപ്രദേശമാക്കി മാറ്റി.
ജമ്മു & കശ്മീർ, ലഡാക്ക്
2019ലെ Jammu and Kashmir Reorganisation Act പ്രകാരം ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തെ വിഭജിച്ചു കൊണ്ട് ജമ്മു & കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ രൂപീകരിച്ചു. പഴയ ജമ്മു & കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലെ, കാർഗിൽ എന്നീ ജില്ലകൾ വേർപ്പെടുത്തി കൊണ്ടാണ് ലഡാക്ക് എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചിട്ടുള്ളത്. ഇതിൽ ജമ്മു & കശ്മീരിന് നിയമസഭയുണ്ടായിരിക്കും. ലഡാക്കിന് നിയമസഭയില്ല.
പേരുമാറിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പേര് മാറ്റിയ സംസ്ഥാനം യുണൈറ്റഡ് പ്രൊവിൻസ് ആണ്. 1950ൽ യുണൈറ്റഡ് പ്രൊവിൻസിന്റെ പേര് ഉത്തർ പ്രദേശ് എന്നാക്കി മാറ്റി. 1969ൽ മദ്രാസിന്റെ പേര് തമിഴ്നാട് എന്നാക്കി. 1973ൽ മൈസൂർ കർണാടകയെന്നും, ലക്കദീവ്, മിനിക്കോയി, അമൻദീവി ഐലൻഡ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ പേര് ലക്ഷദീപ് എന്നുമാക്കി മാറ്റി. 2006ൽ ഉത്തരാഞ്ചൽ ഉത്തരാഖണ്ഡ് ആയി മാറി. അതേവർഷം തന്നെ പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്നാക്കി. 2011 ഒറീസയുടെ പേര് ഒഡീഷ എന്നും പുനർനാമകരണം ചെയ്തു.
No responses yet