ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം (Part) 1ല്‍ അനുച്ഛേദം (Article) 1 മുതല്‍ 4 വരെ ഇന്ത്യന്‍ യൂണിയനെയും അതിന്റെ ഭൂപ്രദേശത്തെയും പ്രതിപാദിക്കുന്നു. അനുച്ഛേദം 1 പ്രകാരം ഇന്ത്യ അഥവാ ഭാരതം യൂണിയന്‍ ഓഫ് സ്റ്റേറ്റാണ് (സംസ്ഥാനങ്ങളുടെ യൂണിയന്‍) എന്ന് നിര്‍വചിച്ചിരിക്കുന്നു. അതായത് ഇന്ത്യന്‍ ഭരണഘടനയുടെ രൂപം ഏറെക്കുറെ ഫെഡറലാണെങ്കിലും ഇന്ത്യയെന്നത് അമേരിക്കയെപ്പോലെ ഒരു പൂര്‍ണമായ ഫെഡറേഷനല്ല എന്നര്‍ത്ഥം.
ഇന്ത്യയെന്ന രാഷ്ട്രത്തെ നിര്‍വചിക്കാന്‍ ‘ഫെഡറല്‍’ എന്ന വാക്കിനേക്കാള്‍ ‘യൂണിയന്‍’ എന്ന പ്രയോഗം ഉപയോഗിക്കുന്നതിന് അംബേദ്കര്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് മുന്നോട്ടുവെച്ചത്.
- അമേരിക്കൻ ഫെഡറേഷനെ പോലെ സംസ്ഥാനങ്ങൾ തമ്മിലുള്ള കരാറിൻ്റെ ഫലമല്ല ഇന്ത്യൻ ഫെഡറേഷൻ.
- ഫെഡറേഷനിൽ നിന്ന് വേർപിരിഞ്ഞു പോകാന്‍ സംസ്ഥാനങ്ങൾക്ക് അവകാശമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളായി വിഭജിച്ചത് ഭരണസൌകര്യത്തിനായി മാത്രമാണ്.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരും അതിന്റെ ഭൂപ്രദേശവും ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ (Schedule) ആണ് പരാമര്‍ശിച്ചിട്ടുള്ളത്. നിലവില്‍ 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ത്യയിലുള്ളത്.
അനുച്ഛേദം 1 – 4
- അനുച്ഛേദം 1: ഇന്ത്യന്‍ ഭൂപ്രദേശം മൂന്നായി തരംതിരിച്ചിരിക്കുന്നു. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, ഇന്ത്യാ ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ ഏറ്റെടുക്കുന്ന പ്രദേശങ്ങള്‍.
- അനുച്ഛേദം 2: നിലവില്‍ യൂണിയന്റെ ഭാഗമല്ലാത്ത സംസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ക്കാനും പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുമുള്ള അധികാരം പാര്‍ലമെന്റിന് നല്‍കുന്നു.
- അനുച്ഛേദം 3: നിലവില്‍ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങളുടെ പേര് മാറ്റാനും, വിഭജിക്കാനും, അതിര്‍ത്തികളില്‍ മാറ്റം വരുത്താനും, ഒരു സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനത്തില്‍ കൂട്ടിചേര്‍ക്കാനുമൊക്കെയുള്ള അധികാരം പാര്‍ലമെന്റിന് നല്‍കുന്നു.
- അനുച്ഛേദം 4: അനുച്ഛേദം 2,3 എന്നിവയിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ നടപ്പിലാക്കാൻ കൊണ്ടുവരുന്ന നിയമങ്ങൾ അനുച്ഛേദം 368 പ്രകാരമുള്ള ഭരണഘടനാ ഭേദഗതി എന്നതിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. പാർലമെന്റിന്റെ സാധാരണ നടപടിക്രമത്തിലൂടെ കേവല ഭൂരിപക്ഷത്തോടെ തന്നെ ഇവ പാസാക്കാൻ കഴിയും.
No responses yet