ആമുഖം (Preamble)

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്. രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തോടു കൂടിയ ആദ്യത്തെ ഭരണഘടന അമേരിക്കയുടേതാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്നീട് ഭരണഘടനക്കൊരു ആമുഖം എന്ന ആശയം കടം കൊണ്ടത് അമേരിക്കയിൽ നിന്നാണ്.

1946 ഡിസംബർ 13ന് ഭരണഘടനാ നിർമ്മാണ സമിതിയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം (Objective Resolutions) ആണ് പിന്നീട് ചില മാറ്റങ്ങളോടെ ആമുഖമായി മാറിയത്. അതുകൊണ്ട് തന്നെ ‘ആമുഖത്തിന്റെ ശില്പി’ എന്നറിയപ്പെടുന്നത് നെഹ്റുവാണ്. എന്നാൽ ഭരണഘടനയ്ക്ക് ഒരു ആമുഖം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ബി.എൻ റാവുവാണ്.

ഇന്ത്യ ഒരു പരമാധികാര (Sovereign), സ്ഥിതിസമത്വ (Socialist), മതേതര (Secular), ജനാധിപത്യ (Democratic), റിപ്പബ്ലിക് രാഷ്ട്രമാണെന്ന് ആമുഖത്തിൽ പ്രഖ്യാപിക്കുന്നുണ്ട്. “ഭാരതത്തിലെ ജനങ്ങളായ നാം (We the People of India)” എന്ന വരികളോടെയാണ് ആമുഖം ആരംഭിക്കുന്നത്. പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് ആമുഖത്തിൽ പറയുന്നത്:

  1. നീതി (Justice)
  2. സ്വാതന്ത്ര്യം (Liberty)
  3. സമത്വം (Equality)
  4. സാഹോദര്യം (Fraternity)

ഈ നാല് ലക്ഷ്യങ്ങളിൽ നീതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് സോവിയറ്റ് റഷ്യയിൽ നിന്നാണ്. അതേസമയം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ കടം കൊണ്ടത് ഫ്രാൻസിൽ നിന്നാണ്.

ആമുഖത്തിൽ 5 തരത്തിലുള്ള സ്വാതന്ത്ര്യം പരാമർശിക്കുന്നുണ്ട്:

  1. ചിന്ത (Thought)
  2. ആശയപ്രകടനം (Expression)
  3. വിശ്വാസം (Belief)
  4. മതനിഷ്ഠ (Faith)
  5. ആരാധന (Worship)

ആമുഖത്തിൽ 3 തരത്തിലുള്ള നീതി പരാമർശിക്കുന്നുണ്ട്:

  1. സാമൂഹിക നീതി (Social)
  2. സാമ്പത്തിക നീതി (Economic)
  3. രാഷ്ട്രീയ നീതി (Political)

ഭരണഘടന നിലവിൽ വന്ന ശേഷം നാളിതുവരെ ഒരു തവണ മാത്രമേ ആമുഖം ഭേദഗതി വരുത്തിയിട്ടുള്ളൂ. ‘ചെറു ഭരണഘടന (Mini Constitution)’ എന്നറിയപ്പെടുന്ന 1976ലെ 42-ാം ഭേദഗതിയാണ് ആമുഖത്തിൽ ഭേദഗതി വരുത്തിയത്. സ്ഥിതിസമത്വം (Socialist), മതേതരത്വം (Secular), അഖണ്ഡത (Integrity) എന്നീ വാക്കുകൾ 42-ാം ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു. ആമുഖം ഭേദഗതി ചെയ്യുമ്പോൾ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയും, ഫക്രുദ്ദീൻ അലി അഹമ്മദ് രാഷ്ട്രപതിയുമായിരുന്നു.

മറ്റു പ്രധാന പോയിന്റുകള്‍:

  • ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി: 1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടന അംഗീകരിച്ച (Adopted) തീയതി: 1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ വന്നത് (Came into Effect): 1950 ജനുവരി 26
  • “ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്: N.A പൽക്കിവാല
  • “ഇന്ത്യയുടെ രാഷ്ട്രീയ ജാതകം” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്: കെ.എം മുൻഷി
  • “ഭരണഘടനയുടെ ആത്മാവ്” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്: നെഹ്റു
  • “ഇന്ത്യൻ ഭരണഘടനയുടെ രത്നം” എന്നറിയപ്പെടുന്നത്: ആമുഖം
  • ആമുഖത്തിലെ ‘റിപ്പബ്ലിക്’ എന്ന ആശയം ഇന്ത്യ കടം കൊണ്ടത്: ഫ്രാൻസ്

CATEGORIES

Indian Polity

No responses yet

Leave a Reply

Your email address will not be published. Required fields are marked *